ജഡേജ വന്നു, ഫീല്‍ഡിംഗില്‍ സിംഹമായി വീണ്ടും ടീം ഇന്ത്യ

Image 3
CricketTeam India

അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ എത്രമാത്രം രവീന്ദ്ര ജഡേജയുടെ അഭാവം ടീം ഇന്ത്യയെ ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിലെ ആദ്യ ദിനത്തിലെ ഇന്ത്യന്‍ ഫീല്‍ഡിംഗ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഫീല്‍ഡിംഗ് ക്യാച്ച് വിടാന്‍ മത്സരിക്കുന്നത് കണ്ട് തലയില്‍ കൈവച്ച ആരാധകര്‍ക്ക് ജഡേജയുടെ വരവോടെ അടിമുടി മാറിയ ടീം ഇന്ത്യയെയാണ് മെല്‍ബണില്‍ കാണാനാകുന്നത്.

മൈതാനത്ത് രവീന്ദ്ര ജഡേജയുടെ സാന്നിധ്യം ടീം ഇന്ത്യയ്ക്ക് പുതിയ ഊര്‍ജ്ജവും പ്രസരിപ്പും സമ്മാനിക്കുകയാണ്. ആദ്യ സെഷനില്‍ മാത്യു വെയ്ഡിനെ പുറത്താക്കിയ ജഡേജയുടെ ക്യാച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. ശുഭ്മാന്‍ ഗില്ലുമായി കൂട്ടിയിടിച്ചിട്ടും ജഡേജ അവിശ്വസനീയമായ രീതിയില്‍ പന്തില്‍ പിടിമുറുക്കുകയായിരുന്നു.

രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ 13ാം ഓവറിലാണ് സംഭവം. ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്ത് നില്‍ക്കുന്ന സമയം. ഓവറിലെ അഞ്ചാം പന്തില്‍ വെയ്ഡിനെതിരെ ‘എറൗണ്ട് ദി വിക്കറ്റാണ്’ അശ്വിന്‍ പരീക്ഷിച്ചത്. അശ്വിനെ ക്രീസില്‍ നിന്ന് ഇറങ്ങിയടിക്കാന്‍ മാത്യു വെയ്ഡും തീരുമാനിച്ചു. ലോങ് ഓണിലേക്ക് പന്തിനെ അതിര്‍ത്തി കടത്താനാണ് വെയ്ഡ് ശ്രമിച്ചത്.

എന്നാല്‍ ടൈമിങ് തെറ്റി; പന്തിനെ കൃത്യമായി കണക്ട് ചെയ്യാന്‍ താരത്തിന് സാധിച്ചില്ല. ബാറ്റിന്റെ മുകള്‍ഭാഗത്ത് തട്ടി പന്ത് വായുവില്‍ ഉയര്‍ന്നു. മിഡ് ഓണില്‍ നിന്ന് രവീന്ദ്ര ജഡേജയും മിഡ് വിക്കറ്റില്‍ നിന്ന് അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്ലും ഒരുമിച്ചാണ് പന്തിനായി ഓടിയത്.

ക്യാച്ച് താനെടുത്തോളാമെന്ന് ജഡേജ ഉറക്കെ വിളിച്ചുപറഞ്ഞെങ്കിലും ഗില്ല് കേട്ടില്ല. പന്തില്‍ നിന്നും കണ്ണെടുക്കാതെ ഓടിയെത്തിയ ജഡേജ പന്തിനെ കൃത്യമായി കൈപ്പിടിയിലാക്കി. എന്നാല്‍ തൊട്ടുപിന്നാലെ വന്ന ഗില്ല് ജഡേജയുമായി കൂട്ടിയിടിച്ച് നിലത്ത് വീഴുന്നതാണ് മത്സരം കണ്ടത്. പക്ഷെ ജഡേജ മനസാന്നിധ്യം കൈവിട്ടില്ല. പന്തിനെ കൈപ്പിടിയില്‍ത്തന്നെ ഭദ്രമാക്കി.

ഓസ്ട്രേലിയക്ക് ആദ്യ പ്രഹരമേറ്റതും ഈ വിക്കറ്റിലാണ്. റണ്‍സൊന്നുമെടുക്കാതെ ജോ ബേണ്‍സ് പുറത്തായപ്പോള്‍ മാത്യു വെയ്ഡാണ് സ്‌കോര്‍ബോര്‍ഡ് മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തത്. ഉമേഷ് യാദവിന്റെ സ്പെല്ലില്‍ മനോഹരമായ കവര്‍ ഡ്രൈവുകള്‍ താരം നേടി. 39 പന്തില്‍ 30 റണ്‍സുമായി നിന്ന വെയ്ഡിന്റെ മടങ്ങിപ്പോക്ക് ഓസ്ട്രേലിയയുടെ പ്രയാണത്തെ ബാധിച്ചു.

മാത്രമല്ല സിറാജിന്റെ പന്തില്‍ ഓസീസ് സൂപ്പര്‍ താരം ലുബ്യഷെയ്‌നെ പുറത്താക്കിയ ഗില്ലിന്റെ ക്യാച്ചും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. 48 റണ്‍സുമായി ഇന്നിംഗ്‌സിന് അടിത്തയിടവേയാണ് ലുബ്യുഷെയ്‌നെ ഗില്‍ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കിയത്.