ആ 20ാം ഓവര്‍ എന്തിന് ജോഗിന്ദറിനെ ഏല്‍പിച്ചു, ധോണി ബ്രില്ല്യന്‍സ് വെളിപ്പെടുത്തി ആര്‍പി സിംഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ വലിയൊരു നാഴികക്കല്ല് തന്നെയായിരുന്നു 2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പ്. യുവതാരങ്ങള്‍ അണിനിരന്ന ഇന്ത്യന്‍ ടീം ധോണിയുടെ നേതൃത്വത്തില്‍ കിരീടം ചൂടുകയും ചെയ്തിരുന്നു.

അന്ന് ഫൈനലില്‍ ഇന്ത്യയുടെ ഹീറോയായി മാറിയ ബോളര്‍ ജോഗിന്ദര്‍ ശര്‍മ്മ കഴിഞ്ഞ ദിവസമാണ് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2007ലെ ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാന് അവസാന ഓവറില്‍ 13 റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. അന്ന് എന്തുകൊണ്ടാണ് ധോണി അവസാന ഓവര്‍ ജോഗിന്ദര്‍ ശര്‍മയെ ഏല്‍പ്പിച്ചത് എന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍പിസിംഗ്.

’17, 18, 19 എന്നീ ഓവറുകള്‍ ഇരുപതാം ഓവറിനേക്കാള്‍ പ്രാധാന്യമേറിയതാണ് എന്ന് ധോണി എപ്പോഴും വിശ്വസിച്ചിരുന്നു. അങ്ങനെ ഹര്‍ഭജന്‍ സിങ് പതിനേഴാം ഓവര്‍ എറിഞ്ഞു. ടീമിനായി ഒരു വിക്കറ്റും ഹര്‍ഭജന്‍ വീഴ്ത്തി. പക്ഷേ മിസ്ബാ അന്ന് മറ്റൊരു മൂഡിലായിരുന്നു. അവിടെ നമുക്ക് കണക്കുകൂട്ടലുകള്‍ തെറ്റി. അതുകൊണ്ടാണ് ഹര്‍ഭജന് തന്റെ ക്വാട്ടയായ നാല് ഓവറുകള്‍ എറിയാന്‍ സാധിക്കാതെ വന്നത്’ ആര്‍ പി സിംഗ് പറഞ്ഞു.

‘മത്സരത്തില്‍ ശ്രീശാന്ത് 18ഉം ഞാന്‍ 19ഉം ഓവറുകള്‍ എറിഞ്ഞു. ഇരുപതാം ഓവറിനായി രണ്ട് ഓപ്ഷനുകള്‍ ആയിരുന്നു മുന്‍പിലുണ്ടായിരുന്നത് – ജോഗിന്ദര്‍ ശര്‍മയും ഹര്‍ഭജന്‍ സിങ്ങും. മിസ്ബാ നന്നായിത്തന്നെ ബാറ്റ് ചെയ്തിരുന്നു. ആ സമയത്ത് ഒരു ഇടംകയ്യന്‍ ബാറ്ററായിരുന്നു ക്രീസിലെങ്കില്‍ ധോണി ഉറപ്പായും ഹര്‍ഭജനിലേക്ക് പോയേനെ.’- ആര്‍പി സിംഗ് കൂട്ടിച്ചേര്‍ക്കുന്നു.

‘മിസ്ബാ വലംകൈയ്യന്‍ ബാറ്ററായിരുന്നതിനാല്‍ തന്നെ ഞങ്ങള്‍ ജോഗിന്ദര്‍ ശര്‍മയെ ഇരുപതാം ഓവറിനായി തിരഞ്ഞെടുത്തു. കാരണം മിസ്ബായെ തടഞ്ഞു നിര്‍ത്താന്‍ സാധ്യത കൂടുതലുള്ള ബോളര്‍ ജോഗിന്ദര്‍ ശര്‍മ തന്നെയായിരുന്നു’ ആര്‍പിസിംഗ് പറഞ്ഞുവെക്കുന്നു

 

You Might Also Like