നഗ്നപാദരായി മൈതാനത്തിറങ്ങി ഇന്ത്യ-ഓസീസ് താരങ്ങള്‍, കാരണമിതാണ്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിച്ചതിന്റെ ആവേശത്തിലാണല്ലോ ക്രിക്കറ്റ് ലോകം. നീണ്ട 290 ദിവസത്തിന് ശേഷമാണ് ഇന്ത്യ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങി എത്തിയത്. പരമ്പരയിലെ ആദ്യ ഏകദിനത്തിന് തുടക്കം കുറിച്ചതാവട്ടെ വംശീയതയ്ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്.

ഇരു ടീമുകളും ഗ്രൗണ്ടില്‍ നഗ്‌നപാദരായി നിന്നാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ഭൂമിയുടെ യഥാര്‍ഥ അവകാശികളെ ഓര്‍മിക്കുകയാണ് ചെയ്യുന്നത് എന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് ബിസിസിഐ കുറിച്ചു. ഓസ്ട്രേലിയയിലെ തനത് ജനവിഭാഗങ്ങള്‍ക്ക് ആദരവര്‍പ്പിച്ചായിരുന്നു ബെയര്‍ഫൂട്ട് സര്‍ക്കിള്‍ ചടങ്ങ്.

മറ്റ് ടീമുകള്‍ മുട്ടിന്മേല്‍ നിന്ന് പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമ്പോള്‍ വരുന്ന എല്ലാ മത്സരങ്ങളിലും നഗ്‌നപാദരായി നിന്ന് ആദരവ് അര്‍പ്പിക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. രാജ്യത്തിന് അകത്തും പുറത്തുമുള്ള വംശീയധയ്ക്കെതിരായ തങ്ങളുടെ നിലപാടാണ് ഇവിടെ പ്രഖ്യാപിക്കുന്നത് എന്ന് ഓസ്ട്രേലിയന്‍ ഉപനായകന്‍ പാറ്റ് കമിന്‍സ് പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 22 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഓസ്‌ട്രേലിയ 118 റണ്‍സ് എടുത്തിട്ടുണ്ട്.

You Might Also Like