സാവിയുടെ ശുദ്ധികലശം, ബാഴ്‌സലോണയിൽ നിന്നും പുറത്തു പോയതു പതിനാറു താരങ്ങൾ

ബാഴ്‌സലോണ പരിശീലകനായി സാവി സ്ഥാനമേറ്റെടുക്കുമ്പോൾ ക്ലബിന്റെ അവസ്ഥ തീർത്തും പരിതാപകരമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ലയണൽ മെസിയടക്കം നിരവധി താരങ്ങളെ ഒഴിവാക്കേണ്ടി വന്ന ക്ലബ് ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടാൻ കഴിയില്ലെന്ന സാഹചര്യമാണ് നേരിട്ടു കൊണ്ടിരുന്നത്. അതിനു പുറമെ വമ്പൻ പ്രതിഫലം കാരണം ക്ലബ് വിട്ടു പോകാതെ നിന്നിരുന്ന നിരവധി താരങ്ങളും ഉണ്ടായിരുന്നു.

എന്നാൽ തന്റെ പദ്ധതി കൃത്യമായി അറിയാമായിരുന്ന സാവി അത് മെല്ലെ മെല്ലെ നടപ്പിലാക്കുന്ന കാഴ്‌ചയാണ്‌ കാണാൻ കഴിയുന്നത്. ടീമിന് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കാൻ സാവിക്ക് കഴിഞ്ഞപ്പോൾ ഒന്നര സീസണിനിപ്പുറം പതിനാറു താരങ്ങളാണ് ക്ലബ് വിട്ടു പോകുന്നത്. ഇതിൽ ഏതാനും താരങ്ങൾ ലോണിലാണ് പോയതെങ്കിലും അവരൊന്നും അടുത്ത സീസണിലും ക്ലബിലുണ്ടാകാൻ സാധ്യതയില്ല.

ഡെസ്റ്റ് മിലാനിലേക്ക് ലോണിലും, റിക്കി പുയ്‌ജ് കരാർ പുതുക്കാതെ എംഎൽഎസിലേക്കും മെംഫിസ് അത്ലറ്റികോ മാഡ്രിഡിലേക്കും ഡെമിർ ഗലാത്സരയിലേക്കും നെറ്റോ ബോൺമൗത്തിലേക്കും ബ്രൈത്ത്വൈറ്റ് എസ്പാന്യോളിലേക്കും കുട്ടീന്യോ ആസ്റ്റൺ വിലയിലേക്കും ലെങ്ലറ്റ് ടോട്ടനത്തിലേക്കും ലൂക്ക് ഡി ജോംഗ് സെവിയ്യയിലേക്കും മിൻഗുയെസ സെവിയ്യയിലേക്കും ഉംറ്റിറ്റി ലെക്കേയിലേക്കും നിക്കോ വലൻസിയയിലേക്കും അബ്ദെ ഒസാസുനയിലേക്കും ഒബാമയാങ് ചെൽസിയിലേക്കും പോയി.

ഇതിനു പുറമെ വെറ്ററൻ താരങ്ങളായ പിക്വ സീസണിനിടയിൽ ക്ലബ് വിട്ടു, ബുസ്ക്വറ്റസ്, ആൽബ എന്നിവർ ഈ സീസണിന് ശേഷം ക്ലബിലുണ്ടാകില്ല. ഡ്രസിങ് റൂമിനെ മുഴുവൻ ഇതോടെ തന്റെ വരുതിയിലേക്ക് കൊണ്ടുവരാൻ ഇതോടെ സാവിക്ക് കഴിയും. ഇതിനു മുൻപ് ടീമിലെ വമ്പൻ താരങ്ങൾ ഡ്രസിങ് റൂമിൽ ആധിപത്യം സ്ഥാപിക്കുന്ന രീതി സാവിക്ക് കീഴിൽ പൂർണമായും ഇല്ലാതായിട്ടുണ്ട്.

പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും മികച്ച പ്രകടനം നടത്താൻ സാവിയുടെ ബാഴ്‌സലോണക്ക് കഴിഞ്ഞു. ഈ സീസണിൽ സ്‌പാനിഷ്‌ സൂപ്പർകപ്പും ലീഗും ടീം സ്വന്തമാക്കിയിട്ടുണ്ട്. പരിക്കിന്റെ തിരിച്ചടികൾ ഏറ്റുവാങ്ങിയതിനാൽ ചാമ്പ്യൻസ് ലീഗിൽ ടീമിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. എന്നാൽ വരുന്ന സമ്മറിൽ ടീമിന് ആവശ്യമുള്ള താരങ്ങളെ എത്തിക്കാനുള്ള ശ്രമം നടത്തുന്ന സാവിക്ക് അതിനും കഴിയുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

You Might Also Like