100 മീറ്റര്‍ നീളമുളള സിക്‌സിന് 12 റണ്‍സ്, ടി20യില്‍ നിര്‍ണ്ണായക മാറ്റം വേണമെന്ന് പീറ്റേഴ്‌സണ്‍

Image 3
CricketIPL

ട്വന്റി 20 ക്രിക്കറ്റ് കൂടുതല്‍ ആവേശകരമാക്കാന്‍ വ്യത്യസ്തമായ ഒരു ഐഡിയയുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. ട്വിറ്ററിലൂടെ ഐ.സി.സിക്കാണ് പീറ്റേഴ്സണ്‍ ടിപ് പറഞ്ഞുനല്‍കിയത്.

താരത്തിന്റെ അഭിപ്രായമനുസരിച്ച് 100 മീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ അടിക്കുന്ന സിക്സറുകള്‍ക്ക് 12 റണ്‍സ് അനുവദിക്കണം. ഇതു മത്സരം ത്രസിപ്പിക്കുന്നതാക്കുമെന്നാണ് പീറ്റേഴ്സണ്‍ പറയുന്നത്.

അതിനുള്ള നാലു കാരണങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്. 1.) മത്സരത്തിന്റെ അവസാന പന്ത് എറിഞ്ഞു തീരുന്നതു വരെ ഫലം ഉറപ്പിക്കാനാകില്ല. ഒരൊറ്റ വലിയ ഷോട്ടിലൂടെ 12 റണ്‍സിന്റെ വ്യത്യാസം വരെ ടീമുകള്‍ക്ക് മറികടക്കാനാകും. 2.) കൂറ്റനടികള്‍ എപ്പോഴും ആവേശകരമായിരിക്കും 3.) ലൈവ് സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷന്‍ കമ്പനികള്‍ക്ക് ’12’ അടിക്കുന്നതില്‍ പല പരസ്യ സാധ്യതകളും ലഭിക്കും. 4.) 12ലൂടെ ടെലിവിഷന്‍ കമ്പനികള്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും അധിക വരുമാനം ഉറപ്പാക്കാം.

പീറ്റേഴ്സന്റെ ഈ അഭിപ്രായങ്ങള്‍ രസകരമായ മറുപടികളാണ് ലഭിക്കുന്നത്. ഒരു ബോളില്‍ 12 റണ്‍സ് വഴങ്ങുന്ന ബൗളറുടെ അവസ്ഥ ആലോചിച്ചോ എന്നാണ് ഇംഗ്ലണ്ട് മുന്‍ പേസര്‍ ഡാരന്‍ ഗഫ് ചോദിച്ചത്. ഒരിക്കലുമില്ലെന്നായിരുന്നു പീറ്റേഴ്സന്റെ മറുപടി. ഗഫിനു പിന്തുണയുമായ മറ്റൊരു മുന്‍ താരം റയാന്‍ സൈഡ്ബോട്ടവും ട്വീറ്റ് ചെയ്തു. ബൗളര്‍മാരോടു സിമ്പതിയൊന്നുമില്ലേ എന്നായിരുന്നു സൈഡ്ബോട്ടം ചോദിച്ചത്.

അതേസമയം ആരാധകരുടെ ഭാഗത്തു നിന്ന് അത്ര പിന്തണ പീറ്റേഴ്സണു ലഭിച്ചില്ല. വമ്പനടികള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കിലും ഒരു ബോളില്‍ 12 റണ്‍സ് അംഗീകരിക്കാനാകില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.