100 ടെസ്റ്റ് കളിച്ചിട്ടില്ല, 500 വിക്കറ്റുകള്‍ നേടിയിട്ടില്ല, പക്ഷെ ഇയാളോളം മികച്ചവന്‍ വേറെയാരുമില്ല

Image 3
CricketTeam India

ധനേഷ് ദാമോധരന്‍

വലിഞ്ഞ് മുറുകിയ മുഖഭാവത്തോടെ തീക്കട്ട പോലെ ജ്വലിക്കുന്ന കണ്ണുകളോടെ വളരെ അനായാസമായ ആക്ഷനില്‍ ബാറ്റ്‌സ്മാനെ ഭയപ്പെടുത്തുന്ന എല്ലാ ചേരുവകളും ചാലിച്ച് അയാള്‍ പന്തെറിയുമ്പോള്‍ ബാറ്റ്‌സ്മാന്റെ മനസ്സില്‍ ഒരു ഭയം ഉടലെടുക്കും .ഒടുവില്‍ ആ സമ്മര്‍ദ്ദത്തെ സ്വയം ഇല്ലാതാക്കാന്‍ ബാറ്റ്‌സ്മാന് മുന്നിലെ അവസാന വഴി വിക്കറ്റ് ബലി കഴിക്കുക എന്നത് മാത്രം .

അയാള്‍ പന്തെറിയുമ്പോള്‍ അത്തരം കാഴ്ചകള്‍ 2000 കാലഘട്ടത്തിലെ പ്രേക്ഷകര്‍ക്ക് ഒരു സാധാരണ കാഴ്ച ആയിരുന്നു .

ഡെയില്‍ സ്റ്റെയിന്‍ എന്ന പ്രതിഭാസത്തിന്റെ ബൗളിംഗ് ഒരിക്കലെങ്കിലും കണ്ടുവെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. കാരണം ബാറ്റ്‌സ്മാന്റെ മാത്രം കളിയായി മാത്രം മാറുന്നു എന്ന പരാതികള്‍ക്കിടയില്‍ സ്റ്റെയ്ന്‍ വരുന്നു .ബാറ്റ്‌സ്മാന്‍മാരെ അത്ഭുതപ്പെടുത്തുന്നു .ഒരുപക്ഷേ ബൗളിങ്ങിറ്റ് പ്രാധാന്യം കൊടുക്കുന്ന ഗെയിം ആയിരുന്നു ക്രിക്കറ്റ് എങ്കില്‍ അതിലെ സച്ചിനും ലാറയും പോണ്ടിംഗും എല്ലാം അവരുടെ സമകാലികനായ സ്റ്റെയിനില്‍ മാത്രം ഒതുങ്ങുമായിരുന്നു .

ഇടതടവില്ലാതെ ഇത്രമാത്രം കൃത്യതയോടെ ഔട്ട് സ്വിങ്ങറും ഇന്‍സ്വിങ്ങറും റിവേഴ്‌സ് സ്വിങ്ങും അപാരമായ സീം പൊസിഷനും റിസ്റ്റും ഉപയോഗിച്ച് പന്തെറിയുന്ന സ്റ്റെയിന് വെറുതെയല്ല 400 ടെസ്റ്റ് വിക്കറ്റുകള്‍ നേടാന്‍ വെറും 16334 പന്തുകള്‍ മാത്രം വേണ്ടി വന്നത് .

കളിച്ചത് വെറും 86 ടെസ്റ്റുകള്‍. എന്നാല്‍ ലോക ക്രിക്കറ്റിലെ ബോളിംഗ് പതാകാവാഹകരില്‍ അയാളുടെ സ്ഥാനം പ്രഥമഗണനീയമാണ്. ലോക ക്രിക്കറ്റില്‍ 10000 പന്തുകളെറിഞ്ഞവരില്‍ മറ്റൊരാള്‍ക്കും സ്റ്റെയിനിനേക്കാള്‍ മികച്ച ഒരു സ്‌ട്രൈറ്റ് റേറ്റ് മറ്റൊരു പേസര്‍ക്കുമില്ല .

ബാറ്റ്‌സ്മാന് അനുകൂലമായി തിരക്കഥയെഴുതുന്ന ഈ കാലഘട്ടത്തില്‍ പക്ഷേ 1970 കളിലും 80 കളിലും നിറഞ്ഞാടിയ പേസര്‍മാര്‍ക്ക് സാധിക്കാത്ത ഒരു കാര്യം സ്റ്റെയിന് സാധിക്കാന്‍ പറ്റുമ്പോള്‍ അയാളെ ഇതിഹാസം എന്നു വിശേഷിപ്പിക്കുന്നത് ചെറിയ വാക്കായി തോന്നിയേക്കാം .

ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍ ആരെന്ന് ചോദിക്കുമ്പോള്‍ പലരും ആ സ്ഥാനത്ത് സ്റ്റെയിനെ പ്രതിഷ്ഠിക്കുന്നുവെങ്കില്‍ അതിന് ഒരുപാട് കാരണങ്ങളും കണക്കുകളും ഉണ്ടാകും. 2004ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ ടെസ്റ്റിനിറങ്ങി 4 ടെസ്റ്റുകള്‍ക്ക് ശേഷം മോശംപ്രകടനത്തിന്റെ പേരില്‍ ഒഴിവാക്കപ്പെട്ട അതേ ആള്‍ തന്നെ ലോകത്ത് എണ്ണിയാലൊടുങ്ങാത്ത അതുല്യ പേസര്‍മാരും സ്പിന്നര്‍മാരും അരങ്ങുവാണ 2008 മുതല്‍ 2014 വരെയുള്ള 263 ആഴ്ചകള്‍ അല്ലെങ്കില്‍ 2356 ദിവസങ്ങള്‍ അല്ലെങ്കില്‍ ആറര വര്‍ഷം ഐസിസി റാങ്കിംഗില്‍ ഒന്നാമനായിരുന്നു എന്നത് പലപ്പോഴും നമ്മുടെ ചിന്തകള്‍ക്ക് പോലും നിരക്കാതെ പോയേക്കാം .

93 ടെസ്റ്റുകളില്‍ 22.95 ശരാശരിയില്‍ 439 വിക്കറ്റുകള്‍ 5 തവണ 10 വിക്കറ്റ് നേട്ടം 26 തവണ 5 വിക്കറ്റ് നേട്ടങ്ങള്‍ .സ്ഥിതി വിവരകണക്കുകള്‍ മഹത്തരമാണ്. എന്നാല്‍ അതിനെ ഒന്നു കൂടി ഇഴകീറി പരിശോധിക്കുമ്പോള്‍ കണക്കുപുസ്തകത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധത്തിലേക്ക് സംഖ്യകള്‍ ബൗണ്‍സ് ചെയ്തു പോകുന്നത് കാണാം .

പേസ് ബൗളര്‍മാരുടെ വിക്കറ്റുകള്‍ വിയര്‍പ്പുതുള്ളികളുടെ അളവും കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂടുന്ന ,വിക്കറ്റുകള്‍ മരീചികയാകുന്ന ഏഷ്യന്‍ പിച്ചുകളില്‍ 20 ടെസ്റ്റ് കളിച്ച സ്റ്റെയിന്റ ശരാശരി 22.63 ആണ് .കരിയര്‍ ശരാശരിയേക്കാള്‍ മികച്ചത് .90 വിക്കറ്റുകള്‍ നേടിയപ്പോള്‍ അതില്‍ ഒരു 10 വിക്കറ്റ് നേട്ടവും 5 അഞ്ച് വിക്കറ്റ് നേട്ടവും.

ഇനി വിജയിച്ച കളികളുടെ കണക്കുകളിലേക്ക് ഊളിയിടുമ്പോള്‍ അവിടെ അയാള്‍ക്ക് 291 വിക്കറ്റുകള്‍ എടുക്കാന്‍ വേണ്ടി വന്ന ശരാശരി 16.03 എന്ന അത്ഭുത കണക്കും . എന്നാല്‍ സ്റ്റെയ്ന്‍ തളരുമ്പോള്‍ സൗത്താഫ്രിക്ക തളരുകയായിരുന്നു എന്ന് കണക്കുകള്‍ പറയും .തോല്‍ക്കുമ്പോള്‍ സ്റ്റെയിന്റെ ആവറേജ് ഇരട്ടിയിലേക്ക് പോകുന്നു .33.79 .

മാരകമായ പേസില്‍ പന്തിനെ ഇഷ്ടാനുസരണം ഇരുവശത്തേക്കും ചലിപ്പിച്ച് ബാറ്റ്‌സ്മാന്റെ ക്ഷമയും സമചിത്തതയും ചങ്കുറപ്പും പരീക്ഷിക്കുന്ന ഡെലിവറികളുടെ ഉടമയായതു കൊണ്ട് തന്നെയാണ് സ്വന്തം നാട്ടുകാരായ അലന്‍ഡൊണാള്‍ഡും ഷോണ്‍ പൊള്ളോക്കും അടങ്ങുന്ന വന്‍നിരയെ മറികടന്ന് അവരെക്കാള്‍ മുകളില്‍ സ്റ്റെയ്ന്‍ പ്രതീഷ്ഠിക്കപ്പെടുന്നത്. എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും 5 വിക്കറ്റുകള്‍ കുറിച്ച് ഒരേയൊരു ബൗളര്‍ എന്ന അവിശ്വസനീയമായ നേട്ടം സ്റ്റെയ്ന്‍ ഉണ്ടാക്കിയ ഇംപാക്ടിന്റെ തെളിവാണ് .

2008 ല്‍ ആ കലണ്ടര്‍ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ 78 വിക്കറ്റുകള്‍ വീഴ്ത്തി ഐസിസി പ്ലെയര്‍ ഓഫ് ഓഫ് ഇയര്‍ ബഹുമതി കരസ്ഥമാക്കുമ്പോള്‍ സ്റ്റെയിന്റെ ആവറേജ് 16.24 ആയിരുന്നു. 400 വിക്കറ്റുകള്‍ നേടുമ്പോള്‍ ആ നേട്ടത്തില്‍ മുരളിക്ക് മാത്രം പിന്നിലായിരുന്ന സ്റ്റെയിന്റ നേട്ടം ഒരു പേസറെ സംബന്ധിച്ചിടത്തോളം അതുല്യം തന്നെയാണ് .

പരിക്കുകള്‍ നിരന്തരം വേട്ടയാടിയിരുന്നില്ലെങ്കില്‍ 100 ടെസ്റ്റുകളും 500 വിക്കറ്റുകളും എന്ന അഭൗമമായ നേട്ടം കൈവരിക്കുമായിരുന്ന സ്റ്റെയിന് അവസാന കാലത്ത് ബൗളിങ്ങ് ആക്ഷന്‍ മാറ്റം വരുത്തേണ്ടി വന്നത് സ്പീഡിന്റെയും സ്വിങ്ങിന്റെയും താളം തെറ്റിച്ചു.

‘ബ്‌ളെന്‍ഡഡ് ‘എന്ന ഹോളിവുഡ് മൂവിയില്‍ പ്രധാന റോള്‍ ചെയ്ത സ്റ്റെയിന്‍ ഫിഷിങ് ഏറെ ഇഷ്ടപ്പെടുന്നതിനൊപ്പം വളരെ മികച്ച ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്.

സ്വന്തം രാജ്യത്തിനുവേണ്ടിയല്ല ഏകദിന അരങ്ങേറ്റം നടത്തിയതെന്ന കൗതുകകരമായ ഒരു പ്രത്യേകത കൂടി സ്റ്റെയിനുണ്ട് . ആഫ്രിക്കന്‍ ഇലവനു വേണ്ടി ഏഷ്യന്‍ ഇലവനെതിരെ അരങ്ങേറിയ സ്റ്റെയിന്‍ പാകിസ്ഥാന്റെ മുഹമ്മദ് ഹഫീസിന്റെ പേടി സ്വപ്നം കൂടിയാണ് .ആകെ 23 മേച്ചില്‍ ഹഫീസിനെ 15 തവണ പുറത്താക്കിയ സ്റ്റെയിന്‍ 2013 ല്‍ മാത്രം 10 തവണയാണ് അദ്ദേഹത്തെ പവലിയനിലേക്കയച്ചത് .

വാലറ്റത്ത് അത്യാവശ്യം ബാറ്റിങ്ങ് സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തിയുള്ള സ്റ്റെയിന്‍ 2009ല്‍ ആസ്‌ട്രേലിയക്കെതിരെ 141 ന് 6 എന്ന നിലയില്‍ തകര്‍ന്ന് വീണപ്പോള്‍ 76 റണ്‍ നേടിയ സ്റ്റെയിന്‍ ജെ.പി. ഡുമിനിക്കൊപ്പം 9 ആം വിക്കറ്റില്‍ 180 റണ്‍ കുറിച്ചപ്പോള്‍ സൗത്താഫ്രിക്ക ആസ്‌ട്രേലിയയില്‍ ആദ്യ പരമ്പര വിജയമാണ് നേടിയത് .

കണക്കുകള്‍ പ്രകാരം ഓരോ 6.5 ഓവറിലും ഒരുവിക്കറ്റ് വീഴ്ത്തുന്ന സ്റ്റെയ്ന്‍ താന്‍ 400 വിക്കറ്റുകള്‍ നേടുമ്പോള്‍ ആ നേട്ടം കുറിച്ച മറ്റ് 13 പേരുടെയും സട്രൈക്ക് റേറ്റിനേക്കാള്‍ എത്രയോ മുന്നിലായിരുന്നു എന്നതിനേക്കാള്‍ അതിശയകരം 200 വിക്കറ്റുകള്‍ നേടിയവരിലും ആ നേട്ടം അദ്ദേഹത്തിനു തന്നെ എന്നതാണ് .

പലരും ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് നഷ്ടങ്ങള്‍ എബി ഡിവില്ലിയേഴ്‌സിലും ജാക്ക് കാലിസിലുമൊക്കൊ ഒതുക്കുമ്പോള്‍ അതിന് ഏറ്റവും അര്‍ഹതയുള്ള ഡെയ്ല്‍ സ്റ്റെയ്ന്റ പേര് പരാമര്‍ശിക്കുന്നില്ല എന്നത് അത്ഭുതകരമാണ് . 2015 ലോകകപ്പ് സെമിയില്‍ അവസാന ഓവറിലെ സ്റ്റെയിനിന്റെ 5 ആം പന്ത് ഗ്രാന്റ് ഇലിയട്ട് സിക്‌സറിന് പറത്തിയപ്പോള്‍ സ്റ്റെയിനിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ഹൃദയം കൂടിയാണ് തകര്‍ന്നത് .

സ്റ്റെയിന്‍ ഗണ്‍ എന്നറിയപ്പെടുന്ന സ്റ്റെയിന്‍ 100 ടെസ്റ്റുകള്‍ കളിക്കാതെയും 500 വിക്കറ്റുകള്‍ നേടാതെയും അയാളുടെ അപദാനങ്ങള്‍ പാണന്‍ പാട്ടുപോലെ മുഴങ്ങുന്നുവെങ്കില്‍ അതിന്റെ അലകള്‍ള്‍ പറയും ഡേയില്‍ സ്റ്റെയിന്‍ എന്ന അതുല്യ പ്രതിഭ ആരായിരുന്നുവെന്ന്.

…..ജൂണ്‍ 27 … സ്റ്റെയിന്റെ ജന്‍മദിനം .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍