ഹോളണ്ടിന് കൂമാനു പകരക്കാരനെത്തുന്നു, വരുന്നത് ഡച്ച് ഇതിഹാസതാരം
ഡച്ച് പരിശീലകസ്ഥാനം ഉപേക്ഷിച്ചിട്ടാണ് കീക്കെ സെറ്റിയനു പകരക്കാരനായി ബാഴ്‌സ ഇതിഹാസം റൊണാൾഡ് കൂമാൻ ബാഴ്സയുടെ പരിശീലകസ്ഥാനമേറ്റെടുത്തത്. എന്നാൽ റൊണാൾഡ് കൂമാൻ ഒഴിച്ചിട്ട ഹോളണ്ടിന്റെ പരിശീലകസ്ഥാനത്തേക്ക് മുൻ അന്താരാഷ്ട്രതാരം പരിശീലകനായി എത്തുകയാണ്. ഫ്രാങ്ക് ഡി ബോയർ എന്ന മുൻ താരമാണ് ഹോളണ്ടിന്റെ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ഒരു സ്ഥിരപരിശീലകൻ ഹോളണ്ടിന് ഇല്ല. ഓഗസ്റ്റിൽ കൂമാൻ ബാഴ്‌സയിലേക്ക് ചേക്കേറിയ ശേഷം ട്വയിറ്റ് ലോഡ്വെജെസാണ് താൽകാലികപരിശീലകനായി ഹോളണ്ടിനുണ്ടായിരുന്നത്. ആ സ്ഥാനത്തേക്കാണ് ഡി ബോയർ പരിശീലകനായെത്തുന്നത്. ഇനി ഇന്റർനാഷണൽ മത്സരങ്ങൾ ഒക്ടോബറിലാണ് നടക്കുക. അതിന് മുമ്പ് ഒരു സ്ഥിരപരിശീലകനെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോളണ്ട് ടീം അധികൃതർ.
Frank de Boer set to land Holland job to become Ronald Koeman's successor https://t.co/0HBR3K3bH9
— Mail Sport (@MailSport) September 17, 2020
അൻപത് വയസ്സുകാരനായ ബോയർ മുമ്പ് അയാക്സ്, ഇന്റർ മിലാൻ, ക്രിസ്റ്റൽ പാലസ് എന്നീ ടീമുകളെ പരിശീലിപ്പിച്ചത്തിന്റെ പരിചയമുള്ള താരമാണ്. 1990 മുതൽ 2004 വരെ ഹോളണ്ടിന് വേണ്ടി ജേഴ്സി അണിഞ്ഞ ഇദ്ദേഹം ആകെ 112 മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്. നിലവിൽ അദ്ദേഹം ഫ്രീ ഏജന്റ് ആണ്. ഈ സമ്മറിൽ അമേരിക്കൻ ലീഗ് ക്ലബായ അറ്റ്ലാന്റ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഒഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ പ്രവർത്തി പരിചയം ടീമിന് ഗുണമായേക്കും.
രണ്ടു വർഷം ഹോളണ്ടിന്റെ പരിശീലകനായ ശേഷമാണ് കൂമാൻ ബാഴ്‌സയിലേക്ക് ചേക്കേറുന്നത്. ഈ കാലയളവിൽ ഹോളണ്ടിനെ യുവേഫ നേഷൻസ് ലീഗിൽ ഫൈനലിൽ എത്തിക്കാൻ കൂമാന് കഴിഞ്ഞിരുന്നു. എന്നാൽ കൂമാൻ സ്ഥാനമൊഴിഞ്ഞ ശേഷം നടന്ന ഒരു നേഷൻസ് ലീഗ് മത്സരത്തിൽ ഹോളണ്ട് തോൽവിയേറ്റുവാങ്ങിയിരുന്നു. ഇറ്റലിയോടാനു അടിയറവു പറഞ്ഞത്. ആദ്യ മത്സരത്തിൽ പോളണ്ടിനോട് ജയിച്ചിരുന്നു.